Hero Image

നാഗ പ്രീതിക്കായി അനുഷ്ഠിക്കേണ്ട വഴിപാടുകൾ എന്തൊക്കെയെന്ന് അറിയാം

കേരളത്തില്‍ ആദ്യകാലം മുതല്‍ക്കേ നാഗങ്ങളെ ദൈവങ്ങളായി ആരാധിച്ചിരുന്നു. നാഗദൈവങ്ങള്‍ കുടുംബത്തിലെ ദോഷങ്ങള്‍ മാറ്റുമെന്നും കാത്തുരക്ഷിക്കുമെന്നും വിശ്വസിച്ചിരുന്നു. സര്‍പ്പക്കാവുകളും നാഗത്തറയും പഴയകാല തറവാടുകളില്‍ ഇന്നും ബാക്കിയാണ്. ജൈനമതസ്ഥരും അഞ്ചു തലയുള്ള നാഗവിഗ്രഹങ്ങൾ വച്ചാരാധിച്ചിരുന്നു. കേരളത്തില്‍ സർപ്പങ്ങളെ കാവുകളിൽ കുടിയിരുത്തി എല്ലാ തറവാടുകളോടു ചേർന്നും ആരാധിച്ചു പോന്നു.നാഗ പ്രീതിക്കായി പല വിധത്തിലുള്ള വഴിപാടുകളും നടത്താറുണ്ട്.

സർപ്പകോപം, സർപ്പശാപം എന്നിങ്ങനെ ദോഷങ്ങൾ വരാതിരിക്കാന്‍ സർപ്പപ്രീതിക്കായി നൂറും പാലും നൽകുന്നു. പാമ്പിന്റെ പ്രതിമ, പുറ്റ്, മുട്ട എന്നിവ സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ നിർമ്മിച്ചത് സർപ്പക്ഷേത്രങ്ങളില്‍ സമർപ്പിക്കുന്ന പതിവും ഉണ്ട്.

സർപ്പം പാട്ട്, കളമെഴുത്തും പാട്ട്, പുള്ളുവൻ പാട്ട് എന്നിങ്ങനെയുള്ള കർമ്മങ്ങളും സർപ്പപ്രീതിക്കായി ചെയ്യുന്നു. പുള്ളവനും പുള്ളോത്തിയും ഒരു പ്രത്യേക ഈണത്തിലും താളത്തിലും കുടം മീട്ടി പാടിയാൽ സന്തതി പരമ്പരകളുടെ ദോഷങ്ങൾ തീരുമെന്നാണ് വിശ്വാസം. സർപ്പദോഷങ്ങൾക്ക് പരിഹാരമായി ശിവന്, ഗണപതിക്ക്, സുബ്രഹ്മണ്യൻ എന്നീ ദേവന്മാർക്കും വഴിപാടുകൾ നടത്തുന്നു. വീടിനടുത്തുള്ള സർപ്പത്തിന് വഴിപാടു നടത്തുന്നതാണ് ഏറ്റവും ഉത്തമം.

കുട്ടികളില്ലാത്ത ദമ്പതികൾ സർപ്പപ്രീതി വരുത്തിയാൽ സന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. മണ്ണാറശാല, ആമേട, പാമ്പുംമേക്കാട്, പെരളശ്ശേരി ക്ഷേത്രം, അനന്തൻകാട് ക്ഷേത്രം, വെട്ടിക്കോട് ക്ഷേത്രം ഒക്കെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ്. എല്ലാ മാസവും ആയില്യത്തിന് ആണ് സർപ്പങ്ങൾക്ക് പ്രാധാന്യമുള്ള ദിവസം. കന്നിമാസത്തിലും തുലാമാസത്തിലും കൂടുതൽ വിശേഷമായി കണക്കാക്കുന്നു.

READ ON APP